80-കളിൽ കേരളത്തിലെ ഒരു കോളജ് കാമ്പസിൽ നടക്കുന്ന കഥയാണ് ഈ നോവലിൻ്റെ പ്രമേയം. കൃഷ്ണൻ കോളജിൽ പോകാനുള്ള എളുപ്പത്തിനാണ് അമ്മാവൻ്റെ വീട്ടിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പോകുന്നത്. അമ്മാവൻ്റെ മകൾ അശ്വതിയും അതേ കോളജിൽ ആണ് പഠിക്കുന്നത്. അവർ തമ്മിൽ പ്രണയബദ്ധരാകാൻ അധികനാൾ എടുത്തില്ല.
കൃഷ്ണൻ കാമ്പസിൽ ഒരു വലിയ സുഹൃദ് വലയം ഉണ്ടാക്കുകയും കൂട്ടുകാരുമായി ചേർന്ന് വളരെ സജീവമാവുകയും ചെയ്യുന്നു. അതിൽ ഒരാളാണ് കോളജിലെ ഒരു പ്രഫസറുടെ മകൾ ആഗ്നസ്. ചെറിയ തെറ്റിദ്ധാരണകളുടെ പേരിൽ അശ്വതിയും കൃഷ്ണനും തമ്മിൽ അകലും, കൃഷ്ണൻ ആഗ്നസുമായി അനുരാഗത്തിൽ ആകുന്നു. അശ്വതിയുമായുള്ള ബന്ധം മുറിഞ്ഞതോടെ കൃഷ്ണന് അമ്മാവൻ്റെ വീട് വിട്ട് പോകേണ്ടി വരികയും പട്ടണത്തിലേക്ക് താമസം മാറ്റുകയും ചെയ്യുന്നു. വരുമാനത്തിനു വേണ്ടി ഒരു വർക്ക്ഷോപ്പിൽ പണിക്കു ചേരുകയും ഒരു പത്രത്തിൽ എഴുതാൻ ആരംഭിക്കുകയും ചെയ്യുന്നു.
കുറച്ച് ബുദ്ധിമുട്ടെങ്കിലും കൃഷ്ണന് ജീവിതത്തിൽ ഏറ്റവും ആനന്ദകരമായ ആ കാലം അധികം നീണ്ടുനിൽക്കില്ല. ആഗ്നസ് അപ്രതീക്ഷിതമായി ബന്ധം വേർപെടുത്തി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അതിന്നിടയിൽ കൃഷ്ണൻ്റെ ചേട്ടൻ തന്നെ അശ്വതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. നിരാശയോടെ പഠനം ഉപേക്ഷിച്ച് കൃഷ്ണൻ ആത്‌മഹത്യക്ക് ഒരുങ്ങുന്നു. അവിടെയും കൃഷ്ണനെ കാത്തിരുന്നത് അനിശ്ചിതത്വമാണ്.
ഇൻ്റർനെറ്റിലൂടെ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഒരു പൂർണ മലയാള നോവലാണ് ശലഭങ്ങളുടെ പകൽ.